#JusticeForJisha; നീതി – നാദിര്‍ഷാ മോഡൽ

Contents

നീതി – നാദിര്‍ഷാ മോഡൽ

# Shiju Joseph

ജിഷയുടെ ഘാതകരെ ‘ജന’ത്തിന് വിട്ടുകൊടുക്കണം എന്നാണല്ലോ പൊതുവില്‍ ജനാഭിലാഷം (അമര്‍ അക്ബർ അന്തോണി മോഡൽ). നീതി നടപ്പിലാക്കാന്‍ പറ്റിയ ഏജന്‍സി ആള്‍ക്കൂട്ടമാണ് എന്ന വൈകാരികവിശ്വാസം അതിവേഗം പടരുകയാണ്, ഫെയ്സ്ബുക്കിലൂടെയുo വാട്സാപ്പിലൂടെയും ജയറാമിലൂടെയുമൊക്കെ. ആരാണ് ഇവര്‍ പറയുന്ന, നമ്മള്‍ പറയുന്ന ഈ ജനം? നീതി നടത്താന്‍ നിയുക്തര്‍ എന്ന് നാം വിശ്വസിക്കുന്ന ‘ജനം’?

ഇതേ ജനമാണ് ഒറ്റ മണിക്കൂറിനുള്ളില്‍ ദാദ്രിയില്‍ ഇഷ്ടിക ഉപയോഗിച്ച് ഒരു വയോധികന്‍റെ മേല്‍ നീതി നടപ്പിലാക്കിയത്; വഡോദരയില്‍ ഒറ്റ ദിവസം കൊണ്ട് സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്ന നൂറുകണക്കിനുപേരുടെ മേല്‍ അത്തരം നീതി നടപ്പിലാക്കിയത്. പതിനായിരങ്ങള്‍ വരുന്ന അത്തരം ഒരു ജനസഞ്ചയമാണ് മണിപ്പൂരില്‍ ഒരു ജയില്‍ തന്നെ തകര്‍ത്ത് ഒരു യുവാവിന്‍റെ മേല്‍ അത്തരം നീതി നടപ്പിലാക്കിയത്.

ഇതേ ജനം തന്നെയാണ് ഇന്നലെ കോട്ടയത്ത് കൈലാസ് ബോറയെന്ന ഒരു ആസാം സ്വദേശിയെ മോഷണക്കുറ്റം ആരോപിച്ച് പൊരിവെയിലത്ത് കെട്ടിയിട്ടുകൊന്ന് നീതി നടപ്പിലാക്കിയത്. ഈ ജനം എന്നു നമ്മള്‍ പറയുന്നതിന്‍റെ നീതിബോധം ഇങ്ങനെയൊക്കെയാണ്. അതിനെയാണ് നമ്മള്‍ നീതിന്യായവ്യവസ്ഥയുടെ മേലെ കൊണ്ടുപോയി പ്രതിഷ്ഠിക്കാന്‍ നോക്കുന്നത്.

ഞാനും നിങ്ങളുമൊക്കെയടങ്ങുന്ന ഈ ജനം ഏപ്രില്‍ 28 വരെ ജിഷയുടെ എതിര്‍ പക്ഷത്തായിരുന്നു എന്നു മറക്കണ്ട. ജനം എന്നു പറയുന്ന ഈ നമ്മളാണ് (അതില്‍ ആണും പെണ്ണുമെല്ലാം പെടും) ‘എന്തുകൊണ്ടായിരിക്കും അവളുടെ അച്ഛന്‍ അവളുടെ അമ്മയെ ഉപേക്ഷിച്ചു പോയത്’ എന്ന് ഗവേഷണം നടത്തിക്കൊണ്ടിരുന്നത്. ജനം എന്ന് പറയുന്ന ഈ നമ്മളാണ് അവളുടെ വസ്ത്രം ലേശം ഇറുകിപ്പോയാല്‍ ‘അവള്‍ ആള് പെശകാ’ണെന്ന് പറഞ്ഞുകൊണ്ടിരുന്നത്.

ജനം എന്നു പറയുന്ന ഈ നമ്മളാണ് അവള്‍ക്കുകൂടി അര്‍ഹമായ ഭൂമിയെല്ലാം നമ്മുടെയും കുടുംബത്തിന്‍റെയും കയ്യില്‍ പിടിച്ചുവെച്ചിട്ട് അവളെയും അമ്മയെയും കനാല്‍പുറമ്പോക്കിലേക്ക് തള്ളിവിട്ടത്; അവള്‍ക്ക് വീടും സാമ്പത്തികസുരക്ഷയും ജോലിയും മാന്യതയുമെല്ലാം ഉറപ്പാക്കേണ്ടത് രാഷ്ട്രീയക്കാരുടെ (അവരുടെ മാത്രം) ചുമതലയാണെന്ന്‍ പറഞ്ഞുകൊണ്ടിരുന്നത്; അവള്‍ക്കോ അവളുടെ അമ്മക്കോ വേണ്ടി ഏതെങ്കിലും ഗ്രാമസഭയില്‍ സംസാരിക്കാനെങ്കിലും ഓര്‍ക്കാത്തത്.

നമ്മുടെ ജാതിയുടെയോ മതത്തിന്‍റെയോ സ്ഥാപനങ്ങളില്‍ അവള്‍ക്ക് സംവരണം കൊടുക്കാന്‍ ഒരുകാരണവശാലും സമ്മതിക്കില്ല എന്ന് പറഞ്ഞുകൊണ്ടിരുന്നത്. ജനം എന്ന് പറയുന്ന നമ്മളാണ് ‘ഈ ഇരുപത്തൊമ്പതാം വയസ്സില്‍ പട്ടണത്തില്‍ പോയി പഠിച്ചുവക്കീലാകാന്‍ നോക്കാതെ വല്ല വീട്ടുവേലക്കും പോയി അമ്മയെ സഹായിച്ചുകൂടെ ആ പെണ്ണിന്’ എന്ന് ചോദിച്ചു കൊണ്ടിരുന്നത്. നമ്മള്‍ തന്നെയാണ് ‘നമുക്ക് അര്‍ഹതപ്പെട്ട ജെനറല്‍ സീറ്റ് ഇവളെപ്പോലുള്ള പട്ടികജാതിക്കാരൊക്കെ കൊണ്ടുപോകുകയാണ്; എന്നിട്ട് ഇവരൊക്കെ വല്ലതും പഠിക്കുമോ; അതൊട്ടില്ലതാനും; ഈ സംവരണമൊക്കെ എന്നേ എടുത്തു കളയണ്ടതായിരുന്നു’ എന്ന് രോഷം കൊണ്ടിരുന്നത്. (ലിസ്റ്റ് ഒരുപാട് നീളും ജനമേ.!)

– അതേ, സംശയിക്കണ്ട, ജനം എന്ന് പറയുന്ന ഈ നമ്മളെ പേടിച്ചാണ് ജിഷയുടെ അമ്മ ആ കൂരയുടെ പരിസരത്തേക്ക് ആരെയും അടുപ്പിക്കാതിരുന്നത്. കാവ്യഭാഷയില്‍ പറഞ്ഞാല്‍ (‘ജന’ത്തിന് മനസ്സിലാകുന്നത് ആ ഭാഷയാണല്ലോ) ജനം എന്ന് പറയുന്ന ഈ നമ്മളാണ് ഏപ്രില്‍ 28 വരെ ആ പെണ്‍കുട്ടിയുടെമേല്‍ നമ്മുടെ സമൂഹത്തിന്‍റെ ആള്‍ക്കൂട്ടനീതി നടപ്പിലാക്കിക്കൊണ്ടിരുന്നത്;

അവളെ നിരന്തരം റേപ് ചെയ്തുകൊണ്ടിരുന്നത്; മാരകമായി ആക്രമിച്ചു മുറിവേല്പിച്ചു കൊണ്ടിരുന്നത്. ഏപ്രില്‍ 28-നു ഇതേ ജനത്തിന്‍റെ പ്രതിനിധിയായ ഒരുത്തന്‍ അതുവരെ നമ്മള്‍ ചെയ്തുകൊണ്ടിരുന്നതും ഒരുക്കിവച്ചു കൊണ്ടിരുന്നതുമായ എല്ലാ വയലന്‍സും ഒരു മണിക്കൂറിനുള്ളില്‍ കൂടുതല്‍ ഹിംസാല്‍മകമായി, പ്രത്യക്ഷമായി ചെയ്തുതീര്‍ത്തു.

ഇരുപത്തൊന്‍പതുവര്‍ഷം മുന്‍പുണ്ടായ വിധിപ്രസ്താവം.

നമ്മുടെ നീതി, അവന്‍റെ നിര്‍വഹണം.

ഒറ്റത്തവണ കൊണ്ട് തീര്‍പ്പാക്കി എന്നുമാത്രം. (പ്രത്യക്ഷകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വ്യക്തിത്വം, ജനിതകഘടകങ്ങള്‍ ഇവ മറന്നുകൊണ്ടുള്ള ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് പ്രസ്താവമല്ല ഇത്. വിഷയം നാദിര്‍ഷാമോഡല്‍ ആള്‍ക്കൂട്ടനീതി എന്നതാണ്.)

നമ്മള്‍ ഇതുവരെ ചെയ്തു കൊണ്ടിരുന്നത് എന്താണെന്ന്‍ ഒന്ന്‍ ഇരുന്നാലോചിച്ചാല്‍ നമുക്ക് കണ്ണാടിയില്‍ കാര്‍ക്കിച്ചു തുപ്പാനെങ്കിലും തോന്നും. അതിനുള്ള സത്യസന്ധതയില്ലാത്തതു കൊണ്ട് നാം ‘അവനെ കണ്ടു പിടിക്കൂ, അവനെ കൊല്ലൂ’ എന്ന ആക്രോശിച്ചുകൊണ്ടേയിരിക്കുന്നു.

നമ്മുടെ പങ്ക് വെളിയില്‍ വരാതിരിക്കാന്‍ ഒറ്റ രാത്രികൊണ്ട് നാമെല്ലാം കാലുമാറി ജിഷയുടെയും അമ്മയുടെയും ഒപ്പമായിരിക്കുന്നു. ജനമേ, ഒരു നൂറ്റാണ്ടു മുന്‍പേ ഫ്രോയ്ഡ് നമ്മുടെ ഈ സൂത്രത്തെ ‘പ്രൊജക്ഷന്‍’ എന്ന് പേരിട്ടു വിശദീകരിച്ചിട്ടുണ്ടു കേട്ടോ.

‘അവനെ പിടികൂടൂ, അവനെ കൊല്ലൂ’ എന്നുള്ള നമ്മുടെ ആക്രോശങ്ങളിലൂടെ പുറത്തുവരുന്നത് നമ്മുടെ തന്നെ ഉള്ളിലെ ജനാധിപത്യവിരുദ്ധതയും ആക്രമണോത്സുകതയും ഉത്തരവാദിത്തത്തില്‍ നിന്ന്‍ ഒഴിവാകാനുള്ള വ്യഗ്രതയുമാണ്.

[പ്രമുഖ സൈക്കോളജി ടീച്ചറും ക്ലിനികൽ സൈക്കൊളജിസ്റ്റുമായ ഷിജു ജോസഫിൻറെ ഫേസ് ബുക്ക്‌ പോസ്റ്റിൽ നീന്ന്]

Comments

Tagged with: